നഷ്ടപ്പെട്ടത് ധീര സൈനികനെ: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ
ഊട്ടി കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും പത്‌നി മധുലിക റാവത്തുമടക്കമുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങിയവർ മരിച്ചവർക്ക് അനുശോചനം അറിയിച്ചു
മികച്ചൊരു സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു യഥാർഥ ദേശസ്‌നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ പ്രതിരോധ സേനകളുടെ പരിഷ്‌കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി റാവത്ത് സഹകരിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു