സർജിക്കൽ സ്‌ട്രൈക്കിന്റെ പിന്നിലെ ബുദ്ധിശക്തി; രാജ്യത്തെ കരുതലോടെ കാത്ത ധീര സൈനികൻ
ഒടുവിൽ സ്ഥിരീകരണം വന്നിരിക്കുന്നു. ഊട്ടിയിലെ കുനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടിരിക്കുന്നു. രാജ്യം കണ്ട ഏറ്റവും ശക്തനായ സൈനികനായിരുന്നു അദ്ദേഹം. മാസ്റ്റർ ഓഫ് സർജിക്കൽ സ്‌ട്രൈക്ക്‌സ് എന്ന വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിന്. ഉറച്ച നിലപാടുകളുള്ള വ്യക്തി കൂടിയായ ധീര സൈനികനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.
പാക് പ്രകോപനങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ആരംഭിച്ചത് ജനറൽ റാവത്തിന്റെ നേതൃത്വത്തിലാണ്. ഹെലികോപ്റ്റർ അപകടം നടന്നുവെന്ന വാർത്തകൾക്ക് പിന്നാലെ രാജ്യം ഒന്നാകെ അദ്ദേഹത്തിന് ജീവന് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. എന്നാൽ പ്രാർഥനകളെല്ലാം വിഫലമാക്കി വ്യോമസേന ആ വാർത്ത പുറത്തുവിടുകയായിരുന്നു. വൈകുന്നേരം 6.03നാണ് റാവത്ത് മരിച്ചതായി സ്ഥിരീകരിച്ചത്.
2015ൽ നാഗാ തീവ്രവാദികൾക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണം, കാശ്മീരിലെ ഉറി തീവ്രവാദ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ച മിന്നലാക്രമണം എന്നിവക്കൊക്കെ പിന്നിൽ ജനറൽ ബിപിൻ റാവത്തിന്റെ നിലപാടുകളായിരുന്നു. ഇതുകൊണ്ട് തന്നെയാണ് സീനിയോറിറ്റി മറികടന്ന് ജനറൽ റാവത്തിനെ കരസേനാ മേധാവിയായി സർക്കാർ നിയമിച്ചത്. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെന്നായിരുന്നു നരേന്ദ്രമോദി സർക്കാർ റാവത്തിനെ വിശേഷിപ്പിച്ചത്
ഉത്തരഖണ്ഡിലെ സൈനിക കുടുംബത്തിലാണ് ബിപിൻ റാവത്തിന്റെ ജനനം. നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായി പഠനം. ഊട്ടി കൂനൂരിലെ സൈനിക കോളജിൽ നിന്നാണ് അദ്ദേഹം എംഫിൽ നേടിയത്. ഇവിടെ നടക്കാനിരുന്ന ഒരു സെമിനാറിൽ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് അദ്ദേഹം മരണത്തിലേക്ക് നീങ്ങിയതും
2020 ജനുവരി ഒന്നിനാണ് രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത്. മൂന്ന് വർഷമായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. സേനാകാര്യ വകുപ്പിന്റെ സെക്രട്ടറി എന്ന ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. പ്രതിരോധ മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയാണ് സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത്ത്.