കോണ്‍ഗ്രസ് അധ്യക്ഷനെ 19ന് അറിയാം; തരൂരും ഖാര്‍ഗെയും മത്സരസ്ഥാനത്ത്
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി. ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. ഈ മാസം 17ന് രഹസ്യ ബാലറ്റ് വഴി വോട്ടെടുപ്പ് നടക്കും. അധ്യക്ഷനാരാകുമെന്ന് 19ന് അറിയാമെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു.
ആരും ഇതുവരെ നാമനിര്‍ദേശപത്രിക പിന്‍വലിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും മിസ്ത്രി പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ എഐസിസിക്ക് പരാതി നല്‍കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാര്‍ഗെയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂര്‍ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നില്‍ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് വോട്ട് രേഖപ്പെടുത്തും. ഒക്ടോബര്‍ 17 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 40 നേതാക്കള്‍ക്കൊപ്പം രാഹുലും വോട്ട് ചെയ്യും. നിലവില്‍ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ് രാഹുല്‍ കര്‍ണാടകയില്‍ തുടരുന്നത്.