ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ പൊലീസ് കേസ്
സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.
2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിന് 3.14 കോടി രൂപ കൈപ്പറ്റിയെന്നും സിനിമ റിലീസായ ശേഷം ഈ പണവും ലാഭ വിഹിതവും നൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പരാതി.
2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരനായ റിയാസ് ആദ്യം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു.