രാജസ്ഥാനിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 3 പേർ മരിച്ചു
രാജസ്ഥാൻ സിക്കാറിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ക്ഷേത്രദർശനം നടത്താനെത്തിയ സ്ത്രീകളാണ് മരിച്ചത്. ഏഴിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ചന്ദ്ര കലണ്ടറിലെ 11-ാം ദിവസമായ ഇന്ന് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.. ക്ഷേത്രത്തിന്റെ വാതിൽ തുറക്കുന്നതും കാത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഗേറ്റുകൾ തുറന്ന് ആളുകൾ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഉടൻ ഒരു സ്ത്രീ ബോധരഹിതയായി വീണു. ഇത് പിന്നിലുള്ള മറ്റുള്ളവരും വീഴാൻ കാരണമായി. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു.
പരുക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവരെ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ജനക്കൂട്ടത്തെയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ഒരു സംഘം പൊലീസ് ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ഖാട്ടു ശ്യാം ജി ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്.