Saturday, April 12, 2025
National

‘നിരവധി തെളിവുണ്ട്’, ഗുസ്തി താരങ്ങളുടെ പരാതിയിൽ ഇടപെട്ട് ദില്ലി കോടതി; ബ്രിജ് ഭൂഷൺ നേരിട്ട് ഹാജരാകണം

ദില്ലി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ദില്ലി റോസ് അവന്യു കോടതി. ബ്രിജ് ഭൂഷൺ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ജൂലൈ 18 ന് കേസ് പരിഗണിക്കുമ്പോൾ ഹാജരാകാനാണ് ദില്ലി റോസ് അവന്യു കോടതിയുടെ നിർദേശം. ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹാജരാകാൻ നിർദ്ദേശിച്ചത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ.

അതേസമയം ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബി ജെ പി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ദില്ലി പൊലീസ് നേരത്തെ സമര്‍പ്പിച്ചിരുന്നു. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് ചൂണ്ടികാട്ടിയത്. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു.

അതേസമയം ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം തത്കാലം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയാണ് താരങ്ങൾ പ്രത്യക്ഷ സമരം തത്കാലം അവസാനിപ്പിച്ചതായി കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചത്. എന്നാൽ ബ്രിജ് ഭൂഷൺ രക്ഷപ്പെടുന്ന നിലയുണ്ടായാൽ സമരം വീണ്ടും ശക്തമാക്കുമെന്ന മുന്നറിയിപ്പും നൽകിയാണ് പ്രത്യക്ഷ സമരം തത്കാലം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

­

Leave a Reply

Your email address will not be published. Required fields are marked *