Monday, January 6, 2025
National

വിവാദമായ ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളിൽ നിരോധനം; സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളിൽ നിരോധനം ഏർപ്പെടുത്തി. സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടു. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധമാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് ദി കേരള സ്റ്റോറി പശ്ചിമ ബംഗാളിൽ പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

സംസ്ഥാനത്തെ ഒരു തിയേറ്ററുകളിലും ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബംഗാൾ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ബംഗാളിൽ സമാധാനം നിലനിർത്താനും ഇതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ ഒഴിവാക്കാനുമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മമത ബാനർജി പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളും മോശം പൊതുജന പ്രതികരണവും ചൂണ്ടിക്കാട്ടി ഞായറാഴ്ച മുതൽ തമിഴ്‌നാട്ടിലെ വിവിധ തിയേറ്ററുകളിൽ നിന്ന് വിവാദ ചിത്രത്തിന്റെ പ്രദർശനം മാറ്റിയിരുന്നു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ദി കേരള സ്റ്റോറി പ്രചാരണായുധമാക്കാനൊരുങ്ങുകയാണ് ബിജെപി. ബംഗളൂരുവില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്‌ക്കൊപ്പം സിനിമ കാണാന്‍ വിദ്യാര്‍ത്ഥിനികളെ ക്ഷണിച്ചിരുന്നു. ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയാണ് ബെംഗളൂരുവിലെ വിദ്യാര്‍ത്ഥിനികളെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. കേരളത്തിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സാമൂഹിക പ്രശ്നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ദി കേരള സ്റ്റോറിയെന്നും സിനിമ കാണാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തിരുന്നു.

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ‘ദി കേരള സ്റ്റോറി’, കേരളത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാര്‍ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം മുന്നോട്ടുവെയ്ക്കുന്ന സിനിമയാണ്. വരുന്ന 20 വര്‍ഷത്തില്‍ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ആദ ശര്‍മ്മയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്.

32,000 പെണ്‍കുട്ടികളെ മതം മാറ്റി ഐഎസില്‍ ചേര്‍ത്തു എന്ന അവകാശവാദം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്ലര്‍ വിവരണത്തില്‍ തിരുത്തുമായി നിര്‍മാതാക്കള്‍ രംഗത്തുവന്നു. 32,000 പെണ്‍കുട്ടികളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തു എന്നതിന് പകരം മൂന്ന് പെണ്‍കുട്ടികള്‍ എന്നാക്കി മാറ്റി. ട്രെയ്ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ടീസര്‍ സമൂഹമാധ്യമങ്ങളില്‍ നീക്കാമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *