സ്വകാര്യ ബസുകളുടെ ദീർഘദൂര സർവീസ്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
ദില്ലി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ അപ്പീലിൽ ഇടപെടാതെ സുപ്രീം കോടതി. പെർമിറ്റ് പുതുക്കി നൽകുന്നതിലെ എതിർപ്പ് അടക്കം കാര്യങ്ങൾ ഹൈക്കോടതിയിൽ ഉന്നയിക്കാൻ കെഎസ്ആർടിസിക്ക് സുപ്രീം കോടതി നിർദേശം നൽകി.
ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് കെഎസ്ആർടിസി അപ്പീലിൽ വഴി സുപ്രീം കോടതിയെ അറിയിച്ചത്. മാത്രമല്ല പുതിയ സ്‌കീം നിലവില്‍ വന്നതിനാല്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ കഴിയില്ലെന്നും കെഎസ്ആർടിസിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരിയും അഭിഭാഷകന്‍ ദീപക് പ്രകാശും സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവല്ലേ എന്ന് സുപ്രീം കോടതി ചോദിച്ചു. മാത്രമല്ല ഹൈക്കോടതി വേനൽ അവധിക്ക് ശേഷം ഹർജിയിൽ അന്തിമവാദം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇടപെടന്നാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പിന്നാലെ മെയ് 23 ന് ഹൈക്കോടതിയില്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങുമെന്ന് അഭിഭാഷകർ സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു. ഇതോടെ ഹർജിയിൽ എത്രയും വേഗം വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അരവിന്ദ് കുമാര്‍ എന്നിവർ നിർദ്ദേശം നൽകുകയായിരുന്നു. താൽകാലികമായി 140 കിലോമീറ്ററില്‍ മുകളില്‍ സര്‍വീസിനു പെര്‍മിറ്റ് ഉണ്ടായിരുന്ന ബസുകൾക്ക് അത് പുതുക്കി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എന്നാൽ കേരളത്തിലെ മോട്ടാർ വാഹന ചട്ടത്തിൽ വരുത്തിയ ഭേദഗതി പ്രകാരം സർക്കാർ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിൽ താഴെ പെർമിറ്റ് നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനമെടുത്തു. ഇതിനെ ചോദ്യം ചെയ്താണ് ബസ് ഉടമകൾ ഹൈക്കോടതിയിൽ എത്തിയത്. ഇതിൽ ഹൈക്കോടതി നടത്തിയ ഇടക്കാല ഉത്തരവ് കോർപ്പേറഷന്റെ അവകാശത്തിന് മേലുള്ള കടന്നുകയ്യറ്റമാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സ്വകാര്യബസുകൾ നിയമം ലംഘിച്ചതോടെയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. ഹർജിയിൽ സ്വകാര്യബസ് ഉടമകൾക്കായി അഭിഭാഷകന്‍ എ കാര്‍ത്തിക് ആണ് ഇന്ന് ഹാജരായത്.