Thursday, January 23, 2025
National

പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി തമിഴ്നാട്ടിൽ; സ്വീകരിച്ച് മുഖ്യമന്ത്രി സ്റ്റാലിനും ഗവർണറും

ചെന്നൈ : പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ പര്യടനം. തെലങ്കാനയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തി. വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. എ.രാമസ്വാമി എഴുതിയ മഹാത്മാ ഗാന്ധിയുടെ തമിഴ്നാട്ടിലെ യാത്രകൾ എന്ന പുസ്തകം നൽകിയാണ് സ്റ്റാലിൻ മോദിയെ സ്വീകരിച്ചത്.

ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയ അന്താരാഷ്ട്ര ടെർമിനൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 2.20 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ടെർമിനൽ 1260 കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്. തുടർന്ന് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിനുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാമകൃഷ്ണ മഠത്തിന്‍റെ 125 ആം വാർഷികാഘോഷ പരിപാടിയിലും മോദി പങ്കെടുത്തു. വിമാനത്താവളത്തിൽ നിന്ന് ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം ബിജെപി, അണ്ണാ ഡിഎംകെ പ്രവർത്തകർ മോദിക്ക് അഭിവാദ്യങ്ങളുമായി ആഘോഷപൂർവം കാത്തുനിന്നിരുന്നു.

അതേസമയം കോൺഗ്രസിന്‍റേയും ദ്രാവിഡ സംഘടനകളുടേയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും മോദിയുടെ സന്ദർശനത്തിന് എതിരെ നടന്നു. വള്ളുവർ കോട്ടത്ത് കോൺഗ്രസിന്‍റേയും ടി.നഗറിൽ മെയ് 17 ഇയക്കം, ദ്രാവിഡർ കഴകം അടക്കം സംഘടനകളുടേയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കറുത്ത ഹൈഡ്രജൻ ബലൂണുകളിൽ മോദി ഗോ ബാക്ക് എന്നെഴുതി ആകാശത്തേക്ക് പറത്തിയും വിവിധയിടങ്ങളിൽ പ്രതിഷേധം നടന്നു. #gobackmodi എന്ന ഹാഷ് ടാഗിലായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി 22000 പൊലീസുകാരെയാണ് ചെന്നൈ നഗരത്തിൽ വിന്ന്യസിച്ചത്. മോദിയുടെ ദക്ഷിണേന്ത്യൻ പര്യടനം നാളെയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *