ഈസ്റ്റർ ദിനത്തിൽ ബിജെപിക്കാർ ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കാൻ പോകുന്നത് ധൃതരാഷ്ട്രാലിംഗനത്തിന്: കെ. സുധാകരൻ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി ക്രിസ്ത്യാനികൾക്കെതിരേ അക്രമം നടക്കുമ്പോൾ അതു മൂടിവച്ച് ഈസ്റ്റർ ദിനത്തിൽ ബിജെപിക്കാർ ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സംഘപരിവാർ ശക്തികൾ ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായി നക്കിക്കൊല്ലാൻ ഇറങ്ങിയിരിക്കുകയാണെന്നു സുധാകരൻ പറഞ്ഞു.
ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിനേയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു ചുട്ടുകൊന്നതും അധഃസ്ഥിതരുടെ ഇടയിൽ അരനൂറ്റാണ്ടിലധികം പ്രവർത്തിച്ച ഫാ സ്റ്റാൻ സ്വാമിയെ 84-ാം വയസിൽ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിലടച്ചു കൊന്നതും മറന്നിട്ടാണോ ഭവനസന്ദർശനത്തിനെത്തുന്നതെന്ന് ബിജെപിക്കാർ വ്യക്തമാക്കണം. 500 ഓളം പേർ കൊല്ലപ്പെടുകയും 395 പള്ളികൾ തകർക്കുകയും ചെയ്ത ഒറീസയിലെ കാണ്ടമാൽ വർഗീയ ലഹളയെപ്പറ്റി ബിജെപിക്കാർ മറന്നോ.
മദർ തെരേസയ്ക്കു നൽകിയ നൊബേൽ സമ്മാനവും ഭാരതരത്‌നവും തിരിച്ചെടുക്കണമെന്ന ആർഎസ്എസ് മുഖ്യൻ മോഹൻ ഭഗത്തിന്റെ ജല്പനങ്ങൾ തത്തയെപ്പോലെ ഏറ്റുപറയുന്ന സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ നിലപാടിൽ മാറ്റമുണ്ടോ?. മദർ തെരേസ അഗതികളെ ശുശ്രൂഷിക്കുകയായിരുന്നില്ലെന്നും അവരെ മതപരിവർത്തനം ചെയ്യുകയായിരുന്നുവെന്നുമുള്ള സംഘപരിവാർ നിലപാടിനോട് കേരള നേതാക്കൾ എന്തു പറയുന്നു? 240 അഗതി മന്ദിരങ്ങളിൽ പതിനായിരക്കണക്കിന് ആരോരുമില്ലാത്തവരെ ആകെ മൂന്നു സാരികൾ മാത്രം സമ്പാദ്യമുള്ള കന്യാസ്ത്രീകൾ ശുശ്രൂഷിക്കുമ്പോൾ അതിനു വിലങ്ങുതടി തീർത്തതു ന്യായീകരിക്കാവുന്നതാണോ?.
കഴിഞ്ഞ ഫെബ്രുവരിയിൽ 79 ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധയോഗത്തിൽ ക്രൈസ്തവരുടെ 500 പള്ളികൾ ആക്രമിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് 2022ൽ ക്രൈസ്തവർക്കെതിരേ 21 സംസ്ഥാനങ്ങളിൽ 597 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരേ 1198 ആക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾ നിർത്താൻ ഇടപെടണം എന്നാവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ്പ് റവ. ഡോ. പീറ്റർ മച്ചാഡോ സുപ്രീംകോടതിയിൽ നല്കിയ ഹർജിയിൽ 8 സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ വ്യക്തതയില്ലാതെ ബിജെപി നടത്തുന്ന ഭവനസന്ദർശനം വെറുമൊരു പ്രഹസനമായി മാറുമെന്നും സുധാകരൻ വ്യക്തമാക്കി.