Sunday, April 13, 2025
National

ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരം; MT1 ശാന്തസമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നു

ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരം. മേഘ ട്രോപിക് ഉപഗ്രഹം ഏഴ് മണിയോടെ ശാന്തസമുദ്രത്തിന് മുകളില്‍ കത്തി തീര്‍ന്നു.കാലാവധി കഴിഞ്ഞ ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ കത്തിയ്ക്കുന്നത് ആദ്യമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പത്ത് വര്‍ഷവും അഞ്ച് മാസവുമാണ് ഉപഗ്രഹം പ്രവര്‍ത്തിച്ചത്.

ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും ഐഎസ്ആര്‍ഒയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച സംയുക്ത ദൗത്യമായ മേഘ ട്രോപിക്‌സ്-1 2011 ഒക്ടോബര്‍ 12നാണ് വിക്ഷേപിക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തേക്കാണ് ദൗത്യം കണക്കാക്കിയിരുന്നതെങ്കിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട താരതമ്യേനെ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത് കണക്കിലെടുത്ത് ദൗത്യത്തിന്റെ കാലാവധി നീട്ടുകയായിരുന്നു.

കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങള്‍ ഓര്‍ബിറ്റില്‍ നിന്ന് മാറ്റണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മേഘയെ ഭൂമിയിലേക്ക് പുനപ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. 2022 ഓഗസ്റ്റ് മാസം മുതല്‍ മേഘയുടെ സഞ്ചാരപഥം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. സ്‌പേസ്‌ക്രാഫ്റ്റിന് 1000 കിലോഗ്രാം ഭാരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഇപ്പോഴും 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത്. പല തവണ ഭൂമിയെ ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് പുനപ്രവേശന ദൗത്യം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *