ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ത്രിപുരയിലെ തുടർഭരണം ഹോളിയോടൊപ്പം ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ ഗവർണർ സത്യദേവ് നാരായൻ ആര്യയെ സന്ദർശിച്ച മണിക് സാഹ പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. രാവിലെ 10 ന് അഗർത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. തെരഞ്ഞെടുപ്പിന് 9 മാസം മുൻപാണ് ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നത്.
മണിക് സാഹയെ കേന്ദ്രമന്ത്രിയാക്കി പകരം കേന്ദ്രത്തിൽനിന്നു പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കുമെന്നു നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആശിഷ് കുമാർ സാഹയെ 6104 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സാഹ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2016 ലാണ് മണിക് സാഹ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി ബിജെപിയുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.