പൊടിക്കാറ്റും ഇടിമിന്നലും ആലിപ്പഴവും കനക്കും; സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ്
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥയിൽ മാറ്റം പ്രകടമാകുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാർച്ച് 11 വരെ പൊടിക്കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
വ്യാഴം മുതൽ ശനി വരെ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും. ബുറൈദ, ഉനൈസ, അൽറാസ്, അൽഖാസിം മേഖലകളിൽ ഇടിമിന്നലിന് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കനത്ത ഇടിമിന്നലുണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഹായിൽ, ബഖാഅ്, അൽ ഗസാല, അൽ ശനാൽ, കിഴക്കൻ പ്രവിശ്യയിലെ ഹഫ്ർ അൽബാതിൻ, അൽഖൈസുമ, അൽ നൈരിയ എന്നിവിടങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയിലെ അഫീഫ്, അൽ ദവാദ്മി, ഷഖ്‌റ, അൽമജ്മ, അൽ സുൾഫി, അൽഖാത് മണൽകാറ്റ്, ഇടിമിന്നൽ എന്നിവക്ക് പുറമെ പേമാരിക്കും സാധ്യതയുണ്ട്.
റിയാദിലെ ദിരിയ, അൽഖർജ്, അൽഖുവയ്യ, അൽമുസാമിയ, ഹുറയ്മില, അൽ അഫ്‌ലാജ്, എന്നിവിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ മണൽക്കാറ്റും ആലിപ്പഴവും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.