വാട്‌സ്ആപ്പിന് പകരമായി സൗദി അറേബ്യ പുതിയ ആപ്പ് വികസിപ്പിക്കുന്നു; അടുത്തവര്‍ഷം എത്തും
റിയാദ്: വാട്‌സ്ആപ്പിന് പകരമായി സൗദി അറേബ്യ മറ്റൊരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ഇറക്കുന്നു. അടുത്ത വര്‍ഷത്തോടെ ആയിരിക്കും പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്
നിലവില്‍ സൗദി ഗവേഷകര്‍ ഈ ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ഡോ. ബാസില്‍ അല്‍ ഒമെയര്‍ പറഞ്ഞു.
പുതിയ ആപ്പ് സുരക്ഷിതമയിരിക്കുമെന്നും യാതൊരു സുരക്ഷാ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ലെന്നും അല്‍ ഒമെയര്‍ വ്യക്തമാക്കി. മെസേജുകള്‍ അയക്കാനും നമ്പരുകളും റെക്കോര്‍ഡുകളും സ്റ്റോര്‍ ചെയ്തു വെക്കാനും സാധിക്കും.
ആപ്പ് നിലവില്‍ ട്രയല്‍ ഘട്ടത്തിലാണെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മിക്ക ആപ്ലിക്കേഷനുകളും നിയന്ത്രിക്കുന്നത് വിദേശ ഏജന്‍സികളാണെന്നും അതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ബാസില്‍ അല്‍ ഒമെയര്‍ പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ആപ്പുകള്‍ നിലവില്‍ ലക്ഷ്യമിടുന്നത് സര്‍ക്കാര്‍ ഏജന്‍സികളെയും സ്ഥാപനങ്ങളെയും കമ്പനികളെയുമാണ്. അതുകൊണ്ട് സൗദിയുടെ പുതിയ പ്ലാറ്റ്‌ഫോം ഏറ്റവും സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.