ആം ആദ്മി പാർട്ടിയുടെ സ്വാധീനം പഞ്ചാബിൽ ബിജെപിക്ക് സഹായകമാകും; സിപിഐഎം
ആം ആദ്മി പാർട്ടിയുടെ സ്വാധീനം പഞ്ചാബിൽ ബിജെപിക്ക് സഹായകമാകുമെന്ന് സിപിഐഎം .9 സീറ്റിൽ മത്സരിക്കുന്ന സിപിഐഎം മറ്റ് സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കാനുള്ള ആഹ്വാനമാണ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോൾ പ്രചരണത്തിനായി മലയാളി നേതാക്കൾ ഗുജറാത്തിൽ. ബിജെപിക്ക് വേണ്ടി കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് പ്രചാരണം ആരംഭിക്കും, കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സൗരാഷ്ട്ര മേഖലയിൽ പ്രചാരണ തിരക്കിലാണ്.
10 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 9 സീറ്റിൽ മാത്രമാണ് ഗുജറാത്തിൽ സിപിഐഎം ഇക്കുറി മത്സരിക്കുന്നത്.മറ്റു സീറ്റുകളിൽ കോൺഗ്രസിനോ ആം ആദ്മി പാർട്ടിക്കോ വോട്ട് ചെയ്യാൻ ആണ് തീരുമാനം.
ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടിമെന്ന കോൺഗ്രസിന്റെ ആരോപണം ശരിവക്കുകയാണ് സിപിഐഎം. ആം ആദ്മി പാർട്ടിയുടെ സ്വാധീനം പഞ്ചാബിൽ ബിജെപിക്ക് സഹായകമാകുമെന്ന് സി പി ഐ എം ഗുജറാത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെ കഴിഞ്ഞതവണയുള്ള വിശ്വാസിത ഇത്തവണ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോൾ മലയാളി നേതാക്കളും പ്രചാരണത്തിൽ സജീവമാണ്. കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് സംസ്ഥാനത്ത് പ്രചരണം നടത്തും. 4 ഇടങ്ങളിലാണ് മന്ത്രി വി മുരളീധരൻ ഇന്ന് പ്രചരണം നടത്തുക. എഐസിസി താര പ്രചാരകനായ രമേശ് ചെന്നിത്തല, സംസ്ഥാനത്ത് പ്രചരണം തുടരുകയാണ്.നവ് സാരി, ജുനാഗഡ്, ഗാന്ധിദാമെന്നിവിടങ്ങളിൽ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രചരണം നടത്തി.