13കാരിയെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ച കേസ്; സര്‍വകക്ഷി യോഗം വിളിച്ച് പഞ്ചായത്ത്
കോഴിക്കോട് വടകരയില്‍ 13കാരിയെ ലഹരി നല്‍കി ക്യാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. എ ഇ ഒ, സ്‌കൂള്‍ അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ലഹരി മാഫിയ തന്നെ ഉപയോഗപെടുത്തിയതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് പരാതി.
മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ പോക്‌സോ വകുപ്പ് മാത്രം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് പറയുന്നത്.
എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് പരിചയക്കാരനായ യുവാവാണ് ലഹരി നല്‍കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൗണ്‍സിലിങ് നടത്തിയിരുന്നു. തുടര്‍ന്നാണ് 13കാരിയായ പെണ്‍കുട്ടി എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവരം പുറത്തുവന്നത്.
അതേസമയം കുട്ടിയെ മയക്കുമരുന്ന് കണ്ണിയിലേക്കെത്തിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നട് വിട്ടയയ്ക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആരോപണം