അരുണാചലിൽ ചൈന ഗ്രാമം നിർമിച്ചു; സ്ഥിരീകരിച്ച് സംസ്ഥാന സർക്കാരും
അരുണാചൽപ്രദേശിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. അരുണാചലിൽ ചൈന ഗ്രാമമുണ്ടാക്കിയെന്ന അമേരിക്കയുടെ റിപ്പോർട്ട് അരുണാചൽ സർക്കാരും ഒടുവിൽ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ചൈന ഗ്രാമമുണ്ടാക്കിയെന്നും ഇപ്പോഴത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നും സംസ്ഥാന സർക്കാർ പറയുന്നു
തർക്ക സ്ഥലത്ത് നൂറ് വീടുകളുള്ള ഒരു ഗ്രാമം ചൈന നിർമിച്ചതായാണ് പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ സമാധാന ശ്രമം ഇഴഞ്ഞാണ് നീങ്ങുന്നത്. ഗാൽവാൻ സംഘർഷത്തിന് ശേഷം യഥാർഥ നിയന്ത്രണ രേഖയിലെ സ്ഥിതി അതേ പോലെ തുടരുകയാണ്. കൂടുതൽ നടപടികളിലൂടെ തർക്ക സ്ഥലത്തെ അവകാശം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പിന്നാലെയാണ് ചൈനീസ് ഗ്രാമം സ്ഥിരീകരിച്ച് അരുണാചൽ സർക്കാരും രംഗത്തുവന്നത്. സത്യം വെളിപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്.