Saturday, October 19, 2024
National

എസ്എസ്എൽവി ഡി-1 ന്റെ വിക്ഷേപണം ഇന്ന്; വാണിജ്യ വിക്ഷേപണ രംഗത്ത് പുതിയ അധ്യായം

ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വിക്ഷേപണം ഇന്ന് നടക്കും. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് എസ്എസ്എൽവി ഡിവൺ കുതിച്ചുയരുക.. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും രാജ്യത്തെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾ നിർമിച്ച ആസാദി സാറ്റുമാണ് ഇന്ന് ഭ്രമണപഥത്തിൽ എത്തുക.

ഭൂമധ്യരേഖയിൽ നിന്നും 350 കിലോമീറ്റർ അകലെയുള്ള, ലോവർ എർത്ത് ഓർബിറ്റിലും സൺസിംക്രനൈസ് ഓർബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ്എസ്എൽവി ഡി വൺ അതിന്റെ പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റർ ദൂരപരിധിയിൽ അഞ്ഞൂറ് കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാൻ എസ്എസ്എൽവിയ്ക്ക് സാധിയ്ക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ സാധിയ്ക്കും. പിഎസ്എൽവിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എൽവിയുടെ പ്രധാന പ്രത്യേകതയും.

രണ്ട് ഉപഗ്രഹങ്ങളാണ് എസ്എസ്എൽവി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം. രാജ്യത്തെ 75സർക്കാർ വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാൻസ്‌പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെൽഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്. വിക്ഷേപണം ആരംഭിച്ച് 13 മിനിറ്റ് രണ്ട് സെക്കൻഡുകൾ കൊണ്ട് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും.

Leave a Reply

Your email address will not be published.