ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് പത്തുമണിക്ക് തുറക്കും. ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളമാണ് പെരിയാറിലേക്ക് ഒഴിക്കുക. പത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.20 അടിയാണ്. ഇടമലയാര്‍ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
റൂള്‍ കര്‍വ് പരിധി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്. 50000 ലിറ്റര്‍ വെള്ളം സെക്കന്‍ഡില്‍ പുറത്തേക്കൊഴുക്കും. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍ നിന്ന് വെള്ളം എത്തിയാലും പെരിയാറില്‍ ഒന്നരേടിയോളം മാത്രമാണ് ജലനിരപ്പ് ഉയരുക.
ഇടുക്കിയിലും എറണാകുളത്തും മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ നീരൊഴുക്കില്‍ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. ഇടമലയാറില്‍ ബ്ലൂ അലേര്‍ട്ടും നിലനില്‍ക്കുന്നു.