Monday, January 6, 2025
National

മണിപ്പൂരിൽ സംഘർഷാവസ്ഥ; 5 ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തിവച്ചു, 2 ജില്ലകളിൽ നിരോധനാജ്ഞ

മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. സ്പെഷ്യൽ സെക്രട്ടറി (ആഭ്യന്തര) എച്ച് ഗ്യാൻ പ്രകാശ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ചില സാമൂഹിക വിരുദ്ധർ പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഇത് വർഗീയ സംഘർഷം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം ഫുഗ്കാചാവോ ഇഖാങ്ങിൽ 4 പേർ ചേർന്ന് ഒരു വാഹനത്തിന് തീയിട്ടു. ഇത് സാമുദായിക സംഘർഷം വർധിച്ചതായി കാണിച്ചുകൊണ്ട് വിഷ്ണുപൂർ ജില്ലയിലെ പൊലീസ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്. വിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതൽ രണ്ട് മാസത്തേക്ക് ഈ ഉത്തരവ് നിലവിൽ വന്നു.

ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) വെള്ളിയാഴ്ച ദേശീയ പാതകളിൽ അനിശ്ചിതകാല സാമ്പത്തിക ഉപരോധ സമരം ആരംഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മണിപ്പൂർ (ഹിൽ ഏരിയ) സ്വയംഭരണ ജില്ലാ കൗൺസിൽ ബിൽ 2021 നിയമസഭയിൽ അവതരിപ്പിക്കണമെന്ന് വിദ്യാർത്ഥി സംഘടന ആവശ്യപ്പെടുന്നു. താഴ്‌വര പ്രദേശങ്ങളുടെ വികസനത്തിന് ഇത് കൂടുതൽ സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം നൽകുമെന്ന് ATSUM പറയുന്നു.

അനിശ്ചിതകാല സാമ്പത്തിക ഉപരോധത്തെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മെയ്റ്റെ ലിപുൻ എന്ന സംഘടന ATSUM-ന്റെ ഇംഫാൽ ഓഫീസ് അടച്ചു പൂട്ടി. സംസ്ഥാനത്തെ താഴ്‌വര പ്രദേശം ലക്ഷ്യമിട്ടാണ് ഉപരോധം നടത്തിയതെന്നാണ് ഇവർ അവകാശപ്പെടുന്നത്. സംസ്ഥാനത്തെ എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ചൊവ്വാഴ്ച മണിപ്പൂർ (ഹിൽ ഏരിയ) ജില്ലാ പരിഷത്ത് 6, 7 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നാണ് സമരക്കാരുടെ വാദം. ഭേദഗതി ബിൽ അവതരിപ്പിച്ചതു മുതൽ, ആദിവാസി ആധിപത്യമുള്ള കാങ്‌പോക്‌പി, സേനാപതി പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ സ്തംഭനാവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *