ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി
ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും സവർണരുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് അധികൃതരുടെ തീരുമാനം. ഈ വർഷം ഏപ്രിലിലാണ് ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്.
ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ പല ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
ദളിത് വിഭാഗത്തിൽ പെട്ട ഒരാൾ ഏപ്രിലിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ സവർണ ജാതിക്കാർ എതിർത്തു. പിന്നീട് ദളിതരെ അമ്പലത്തിൽ നിന്ന് വിലക്കി. ഇതിനു പിന്നാലെയാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ സംഘർഷം രൂപപ്പെട്ടത്. 4 എഫ് ഐ ആർ എങ്കിലും ഫയൽ ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റ് പാർട്ടി നേതാക്കൾക്കൊപ്പം ചേർന്ന് വില്ലുപുരം എംപി ഡി രവികുമാർ കളക്ടറിനു നിവേദനം നൽകി.