Saturday, April 12, 2025
National

അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ കാണാതായത് 40000 സ്ത്രീകളെ; കണക്കുപുറത്തുവിട്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ

ഗുജറാത്തിൽ അഞ്ച് വർഷത്തിനിടെ 40000ത്തിലധികം സ്ത്രീകളെ കാണാതായതായി ഔദ്യോഗിക കണക്കുകൾ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016ൽ 7,105, 2017ൽ 7,712, 2018ൽ 9,246, 2019ൽ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്.

2020ൽ 8,290 സ്ത്രീകളെ ​ഗുജറാത്തിൽ നിന്ന് കാണാതായി.ഈ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് കാണാതായത് 41,621 പേരെയാണെന്നും എൻസിആർബി കണക്കുകളിൽ വ്യക്തമാക്കുന്നു. അഹമ്മദാബാദിലും വഡോദരയിലും ഒരു വർഷത്തിനിടെ (2019 മുതൽ 2020 വരെ) 4,722 സ്ത്രീകളെ കാണാതായതായി 2021 ൽ സംസ്ഥാന സർക്കാർ നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഇത്തരത്തിൽ കാണാതാകുന്ന സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിൽ ചിലരെ ലൈം​ഗിക വൃത്തിയിലേക്ക് കടത്തുന്നതായി തെളിഞ്ഞെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ സുധീർ സിൻഹ പറഞ്ഞു.

സത്രീകളെ കാണാതാകുന്ന കേസുകൾ വേണ്ട ​ഗൗരവത്തോടെ പരിഗണിക്കാത്തതാണ് പൊലീസ് സംവിധാനത്തിന്റെ പ്രശ്നം. കൊലപാതകത്തേക്കാൾ ഗുരുതരമാണ് ഇത്തരം കേസുകൾ. ഇത്തരം സംഭവങ്ങൾ കൊലപാതക കേസ് പോലെ ​ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാണാതാകൽ സംഭവങ്ങൾക്ക് പിന്നിൽ മനുഷ്യക്കടത്താണെന്ന് മുൻ എഡിജിപി ഡോ. രാജൻ പ്രിയദർശി പറഞ്ഞു. അതേസമയം ബിജെപി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ 40000ത്തിലധികം സ്ത്രീകളെ കാണാനില്ലെന്നും ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *