മരുന്നുകളുമായി ഇന്ത്യൻ വ്യോമസേന വിമാനം സിറിയയിലേക്ക്; വൈദ്യസഹായം വേഗത്തിൽ എത്തിക്കുമെന്ന് ഇന്ത്യ
ഭൂചലനത്തിൽ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ. മരുന്നുകളുമായി വ്യോമസേന വിമാനം ഉടൻ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സൗജന്യമായി മരുന്നും ഭക്ഷണവും എത്തിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദിയെന്ന് സിറിയൻ അംബാസിഡർ ഡോ ബാസം അൽഖാത്തിബ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.
തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.