ഇംതിയാസ് അഹമ്മദ് കണ്ടൂവിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു
ഹിസ്ബുൽ മുജാഹിദീൻ അംഗം ഇംതിയാസ് അഹമ്മദ് കണ്ടൂവിനെ തീവ്രവാദിയായി പ്രഖ്യാപിച്ച് കേന്ദ്രം. കശ്മീർ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ യുവാക്കളെ പ്രചോദിപ്പിച്ചു എന്നാണ് ആരോപണം. യുഎപിഎ പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് കണ്ടൂവിനെ വ്യക്തിഗത ഭീകരനായി പ്രഖ്യാപിച്ചത്.
ജമ്മു കശ്മീരിലെ സോപോറിലെ ക്രാൾട്ടാങ്ങിൽ നിന്നുള്ള കണ്ടൂ, നിലവിൽ പാകിസ്താനിലാണുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരർക്കുള്ള സാമ്പത്തികം കൈകാര്യം ചെയ്യൽ, തീവ്രവാദികൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കൽ, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവയിലും പങ്കാളിയായതായി ആരോപിക്കപ്പെടുന്നു.
ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കൽ, സുരക്ഷാ സേനാംഗങ്ങളുടെയും സാധാരണക്കാരുടെയും കൊലപാതകം തുടങ്ങിയ കുറ്റവും ഹിസ്ബ്-ഉൽ-മുജാഹിദീൻ അംഗത്തിനെതിരെ ചുമത്തിയിട്ടുണ്ട്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ടിലെ സെക്ഷൻ 35-ലെ ഉപവകുപ്പ് (1)-ലെ ക്ലോസ് (എ) പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്.