കൊവിഡ് വ്യാപനം അതിരൂക്ഷം: ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. നാല് മണിക്ക് വെർച്വൽ യോഗമാണ് നടക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും അറുപത് വയസ്സിന് മുകളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും പത്താം തീയതി മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഇത് തൊണ്ണൂറായിരവും ബുധനാഴ്ച 56,0000 കേസുകളുമായിരുന്നു. ഓരോ ദിവസവും കൊവിഡ് പ്രതിദിന കേസുകളിൽ വൻ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് രാജ്യം.
കർണാടകയിൽ വാരാന്ത്യ കർഫ്യൂ നാളെ മുതൽ നടപ്പാക്കും. ബംഗളൂരുവിൽ സ്‌കൂളുകൾക്കും കോളജുകൾക്കും അവധിയാണ്. പൊതുഗതാഗതത്തിന് അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.