മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്തെന്ന് സൂചന
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ത്യ സഖ്യയോഗം ചേർന്നു. ഈ മാസം 18 മുതലാരംഭിക്കുന്ന അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട സമീപനങ്ങളെ പറ്റി ചർച്ച ചെയ്യാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വസതിയിലെ യോഗം. അതേസമയം പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംഭരണ ബിൽ,ഭ രണഘടനയിൽ നിന്നും ഇന്ത്യയുടെ പേര് മാറ്റാനുള്ള പ്രമേയം എന്നിവ കേന്ദ്രം അവതരിപ്പിച്ചേക്കും എന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ത്യാസഖ്യം യോഗം വിളിച്ചു ചേർത്തത്. ശാരീരിക അവശതകൾ മൂലം സോണിയ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം കോൺഗ്രസ് പാർട്ടി പാർലമെന്ററി നയ രൂപീകരണ യോഗം സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കും. പതിനെട്ടാം തീയതി മുതലുള്ള പാർലമെൻ്റ് സമ്മേളനത്തിൻ്റെ അജണ്ടകൾ ബിജെപി വ്യക്തമാക്കിയിട്ടില്ലെന്നും പാർലമെന്റ് രാജ്യത്തെ ജനങ്ങളുടേതാണെന്നും എംപി ഗൗരവ് ഗോഗോയ് ആരോപിച്ചു.
കേന്ദ്രം ഏത് വിഷയവുമായി മുന്നോട്ടു വന്നാലും അതിനെ നേരിടാൻ തയ്യാറാണ് എന്നാണ് പ്രതിപക്ഷ നിലപാട്. എന്നിരുന്നാലും ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വളരെ പക്വമായും ശ്രദ്ധാപൂർവ്വം വിഷയങ്ങളെ സമീപിക്കുവാനും ആണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.