കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പി. സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കില്‍ അംഗത്വം പോലുമില്ല.
ബാങ്കില്‍നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയില്‍ ലഭിച്ചതായി ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. 51 പേരുടെ രേഖകള്‍ അവര്‍ പോലുമറിയാതെ ഈടുവെച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നല്‍കിയത്. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാര്‍ ഉന്നത രാഷ്ട്രീയപ്രമുഖര്‍ക്ക് കൈമാറിയെന്നാണ് ഇഡിയുടെ നിഗമനം.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.ഐ.എം നേതാവ് എ.സി. മൊയ്തീന്‍ എം.എല്‍.എക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു. മൂന്നാം തവണയാണ് കേസില്‍ എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ് നല്‍കുന്നത്. ഇഡിക്കു മുന്നില്‍ ഹാജരാകുമെന്ന് എസി മൊയ്തീന്‍ പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്താനാണ് നിര്‍ദേശം.
കഴിഞ്ഞയാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മൊയ്തീന്‍ അസൗകര്യം അറിയിച്ചിരുന്നു. 10 വര്‍ഷത്തെ ആദായനികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനാണ് ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീനെന്നാണ് ഇ ഡിയുടെ നിലപാട്.