മഹാ’നാടകം’ തുടരുന്നു; ശിവസേന ഷിൻഡേ വിഭാഗത്തിലും പിളർപ്പിന് സാധ്യത
മുംബൈ : എൻസിപിയുടെ എൻഡിഎ പ്രവേശത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡേ വിഭാഗത്തിലും പിളർപ്പിന് സാധ്യത. മുംബൈയിൽ ഏക്നാഥ് ഷിൻഡേയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കൾ കടുത്ത ഭിന്നത പ്രകടമാക്കി. എൻസിപിയുമായി ഒരു സഖ്യവും പാടില്ലെന്നാണ് പുതിയ സഖ്യത്തെ എതിർക്കുന്നവരുടെ നിലപാട്.
അജിത് പവാർ എത്തിയപ്പോൾ മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ എന്ന് വിശേഷിപ്പിച്ച് സ്വീകരിച്ചതിനെതിരെ ഏക്നാഥ് ഷിൻഡേയ്ക്ക് വിമർശനം നേരിടേണ്ടി വന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് അജിത് പവാർ ഇന്നലെ പ്രസംഗിച്ചതും ചർച്ചയായിരുന്നു. ഷിൻഡേ വിഭാഗത്തിൽ നിന്ന് 15 എംഎൽഎമാർ ഉദ്ധവ് വിഭാഗവുമായി ആശയവിനിമയം നടത്തുന്നതായാണ് വിവരം. തന്നോടൊപ്പമുള്ള നേതാക്കൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ഇന്നലെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ഏക്നാഥ് ഷിൻഡേ മുംബൈയിലെത്തിയത്.