‘രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ കാണിക്കൂ?’ മോദിയെ പുകഴ്ത്തി അജിത് പവാർ
എൻഡിഎ പ്രവേശനത്തിന് പിന്നാലെ പ്രതിപക്ഷത്തെ വിമർശിച്ചും പ്രധാനമന്ത്രിയെ പ്രശംസിച്ചും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് രാജ്യം കൈവരിച്ച പുരോഗതി ജനങ്ങൾ കണ്ടതാണ്. പ്രതിപക്ഷ നേതാക്കൾ രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നില്ല. രാജ്യം ആദ്യമെന്ന് കരുതുന്ന ഒരു പ്രതിപക്ഷ നേതാവിനെ കാണിക്കണമെന്നും അജിത് പവാർ പറഞ്ഞു.
ഏക്നാഥ് ഷിൻഡെയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാറിൻ്റെ പ്രസ്താവന. ‘നേരത്തെ സമയം വ്യത്യസ്തമായിരുന്നു. കഴിഞ്ഞ 9 വർഷം കൊണ്ട് രാജ്യം കൈവരിച്ച നേട്ടം നിങ്ങൾ കണ്ടിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഈ വികസന പ്രവർത്തനങ്ങൾ നടന്നത്. ഇപ്പോൾ ആഗോള നേതാക്കളും ഞങ്ങളെ തിരിച്ചറിയുന്നു. സ്വന്തം താൽപ്പര്യങ്ങൾക്കപ്പുറം രാഷ്ട്രത്തിന് മുൻതൂക്കം നൽകുന്ന ഒരു പ്രതിപക്ഷ നേതാവിനെ കാണിക്കൂ’ – അജിത് പവാർ പറഞ്ഞു.