ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ കർഹാമ കുഞ്ചാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. മറ്റ് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ ജമ്മുവിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ഇന്നലെ രജൗരിയിലെ കാൻഡി മേഖലയിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് 3 ന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. സ്ഥലത്ത് ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.