Saturday, October 19, 2024
National

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത, അ​ദാ​നി, ജെപിസി വി​ഷ​യ​ങ്ങ​ളി​ൽ സ്തംഭിച്ച പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ടത്തിന്റെ അവസാന ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം ഇന്ന് പ്രതിപക്ഷ നേതാക്കൾ ത്രിവർണ പതാകയുമായി പാർലമെന്റ് ഹൗസിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തും.

മാർച്ച് 13ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള തർക്കം മൂലം കാര്യമായ നടപടികളൊന്നും സ്വീകരിക്കാനായില്ല. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. മറുവശത്ത്, ലണ്ടനിൽ നടത്തിയ ‘ജനാധിപത്യം ആക്രമിക്കപ്പെടുന്നു’ എന്ന പരാമർശത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപിയും ആവശ്യപ്പെടുന്നു. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയും കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

അതേസമയം പ്രതിപക്ഷ നേതാക്കൾ ത്രിവർണ പതാകയുമായി പാർലമെന്റ് ഹൗസിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തും. പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞ ശേഷമായിരിക്കും മാർച്ച് നടക്കുക. കൂടാതെ പ്രതിപക്ഷ എംപിമാർ വിജയാ ചൗക്കിൽ പത്രസമ്മേളനം നടത്തുമെന്നും ബജറ്റ് സമ്മേളനത്തിൽ ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Leave a Reply

Your email address will not be published.