പർവേസ് മുഷറഫിനെക്കുറിച്ചുള്ള വിവാദ ട്വീറ്റ്; വിശദീകരണവുമായി ശശി തരൂർ
വിവാദ ട്വീറ്റിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഒരാൾ മരിക്കുമ്പോൾ അവരോട് ദയ കാണിക്കുന്ന ഒരു ഇന്ത്യയിലാണ് താൻ വളർന്നതെന്ന് ട്വീറ്റ്. മുഷറഫ് ഒരു ബദ്ധശത്രുവാണെന്നും കാർഗിൽ യുദ്ധത്തിൻ്റെ ഉത്തരവാദിയാണെന്നും തരൂർ. നേരത്തെ മരണത്തിൽ ദുഖം രേഖപ്പെടുത്തിയുള്ള കോൺഗ്രസ് എംപിയുടെ ട്വീറ്റ് വിവാദമായിരുന്നു.
‘ആളുകൾ മരിക്കുമ്പോൾ അവരോട് ദയ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഇന്ത്യയിലാണ് ഞാൻ വളർന്നത്. മുഷറഫ് ഒരു ബദ്ധശത്രുവായിരുന്നു, കാർഗിലിന്റെ ഉത്തരവാദിയാണ്. എന്നാൽ 2002-2007 കാലഘട്ടത്തിൽ സ്വന്തം താൽപ്പര്യാർത്ഥം അദ്ദേഹം സമാധാനത്തിനായി പ്രവർത്തിച്ചു’- തരൂർ കുറിച്ചു.
ഒരുകാലത്ത് ഇന്ത്യയുടെ ബദ്ധ ശത്രുവായിരുന്ന മുഷറഫ് പിന്നീട് സമാധാനത്തിനുള്ള യഥാർത്ഥ ശക്തിയായി മാറി എന്ന് തരൂർ പറഞ്ഞിരുന്നു. പിന്നാലെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് ഞായറാഴ്ചയാണ് പർവേസ് മുഷറഫ് അന്തരിച്ചത്. ദുബായിലായിരുന്നു അന്ത്യം. വിവിധ ലോക നേതാക്കൾ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.