Thursday, March 6, 2025
National

ആര്യന്‍ ഖാനുള്‍പ്പെട്ട ലഹരിക്കേസ്: അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കി

 

ബോളിവുഡ് താരം ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസ് അന്വേഷണത്തില്‍ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി. കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. എൻസിബി ഉദ്യോഗസ്ഥൻ സഞ്ജയ്‌ സിങിനാണ് അന്വേഷണ ചുമതല.

ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ നിന്നും പുറപ്പെട്ട ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതോടെ സമീര്‍ വാങ്കഡെക്ക് ഹീറോ പരിവേഷമായിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനെന്ന് സമീര്‍ വാഴ്ത്തപ്പെട്ടു. എന്നാല്‍ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയിലിന്‍റെ വെളിപ്പെടുത്തലോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ നടന്ന ആര്യന്‍ കേസിലെ ‘ഡീല്‍’ സംഭാഷണം താന്‍ കേട്ടു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഷാരൂഖില്‍ നിന്നും 25 കോടി തട്ടാനായിരുന്നു അവരുടെ പദ്ധതിയെന്നും അതില്‍ എട്ട് കോടി സമീര്‍ വാങ്കഡെക്കുള്ളതാണെന്ന് താന്‍ കേട്ടെന്നും സെയില്‍ സത്യവാങ്മൂലം നല്‍കി. പിന്നാലെ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. അതിനിടെ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ കേസ് അന്വേഷണ ചുമതലയില്‍ നിന്നും വാങ്കെഡെയെ നീക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *