Sunday, January 5, 2025
National

മയക്കുമരുന്ന് കേസ്: ഷൂരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല

മുംബൈ: ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് വേട്ടയില്‍ ഇന്നലെ അറസ്റ്റിലായ സിനിമാ താരം ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിച്ചു. ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ ഈ മാസം 7 വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ‘അന്വേഷണം പരമപ്രധാനമാണ്, അത് നടപ്പാക്കേണ്ടതുണ്ട്. ഇത് കുറ്റാരോപിതനും അന്വേഷകനും ഒരുപോലെ പ്രയോജനം ചെയ്യുമെന്നു ജഡ്ജി പറഞ്ഞു.

23കാരന്‍ വ്യാഴാഴ്ച വരെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) കസ്റ്റഡിയില്‍ തുടരുമെന്ന് മുംബൈ കോടതി അറിയിച്ചു.ആഢംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ള പ്രതികളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടിരുന്നു.രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ആര്യന്റെ ഫോണില്‍നിന്നു ലഭിച്ചുവെന്നും എന്‍സിബി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആര്യന്‍ ഖാന് വേണ്ടി അഭിഭാഷകന്‍ സതീഷ് മാനി ഷിന്‍ഡെയാണ് ഹാജരായത്. ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുണ്ടെന്നും രാജ്യാന്തര ലഹരിബന്ധം സൂചിപ്പിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ ലഭിച്ചതായും ലഹരിമരുന്നുകള്‍ വന്‍തോതില്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായി കണ്ടെത്തിയെന്നും എന്‍സിബി കോടതിയെ അറിയിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യുന്നതിനായി അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്നും എന്‍സിബി കോടതിയില്‍ ആവശ്യപ്പെട്ടു. ആര്യന്‍ഖാന് അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്ന കച്ചവടക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും വിതരണം ചെയ്യാന്‍ കൂടിയ അളവില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നുവെന്നും എന്‍സിബി കോടതിയെ അറിയിച്ചു.

ആഡംബരക്കപ്പലില്‍ ക്ഷണിതാവായാണ് എത്തിയതെന്നും തെളിവ് ഇല്ലെന്നും ആര്യന്‍ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സതീഷ് മാനി ഷിന്‍ഡെ കോടതിയെ അറിയിച്ചു. കേസില്‍ രണ്ടുമണിക്കൂറിലധികമായി കോടതിയില്‍ വാദം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *