ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; അനുശോചിച്ച് പ്രധാനമന്ത്രി
ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ പര്‍വതാരോഹകര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തില്‍പ്പെട്ട 42 പേരില്‍ 24 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
കുടുങ്ങി കിടക്കുന്നവരില്‍ 3 പേര്‍ സൈനികരെന്ന് സൂചന. 8 പേരെ രക്ഷപ്പെടുത്തിയിരുന്നു.10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടിയുള്ള രക്ഷ പ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. കര, വ്യോമ സേനകള്‍, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, ഐടിബിപി എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മഞ്ഞിനടിയില്‍ കുടുങ്ങികിടക്കുന്ന കൃത്യമായ സ്ഥലം തിരിച്ചറിയാന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. ഉത്തര്‍കാശിയിലെ നെഹ്‌റു മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 42 അംഗ സംഘമാണ് ഇന്നലെയുണ്ടായ മഞ്ഞിടിച്ചിലില്‍ അകപ്പെട്ടത്.
34 ട്രെയിനികളും, 7 പരിശീലകരും ഒരു നേഴ്‌സുമാണ് സംഘത്തിലുള്ളത്.അപകടത്തില്‍പ്പെട്ടവരില്‍ 3 സൈനികരും ഒരു എന്‍സിസി കേഡറ്റും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഐടിബിപി 8 പേരെ രക്ഷപ്പെടുത്തി. സമുദ്ര നിരപ്പില്‍ നിന്നും 16000 അടി ഉയരത്തിലാണ് അപകടം നടന്നത്.