നിങ്ങൾ ഇത് കണ്ടിരുന്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഖ്നൗ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, സംസ്ഥാനത്തെ ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ കർഷകർക്ക് മുകളിലൂടെ ഒരു എസ്‌യുവി ഇടിച്ചു കയറ്റുന്നതിന്റെ വൈറൽ വീഡിയോ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു.
“നരേന്ദ്ര മോദി സർ, ഒരു ഉത്തരവും എഫ്.ഐ ആറും ഇല്ലാതെ കഴിഞ്ഞ 28 മണിക്കൂർ നിങ്ങളുടെ സർക്കാർ എന്നെ കസ്റ്റഡിയിൽ വെച്ചു. എന്നാൽ അന്നദാതാവിനെ (കർഷകനെ) ഇടിച്ചു തെറിപ്പിക്കുന്ന ഈ വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ട്? ” വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി ഇന്ന് രാവിലെ ചോദിച്ചു.
തന്നെ ഉത്തർപ്രദേശ് സർക്കാർ 24 മണിക്കൂറിലേറെ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ്, പ്രധാനമന്ത്രിക്കുള്ള വീഡിയോ സന്ദേശവും തുടർന്ന് ട്വീറ്റ് ചെയ്തു. ഇത്തവണ ഒരു മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ച് വീഡിയോ മുഴുവനായി പ്ലേ ചെയ്ത പ്രിയങ്ക എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയെ ഇതുവരെ നീക്കം ചെയ്യാത്തത് എന്ന് വീഡിയോ സന്ദേശത്തിൽ ചോദിച്ചു.
കർഷകർക്ക് മുകളിലൂടെ വാഹനം ഇടിച്ചു കയറ്റുന്നതിന്റെ വീഡിയോയുടെ ആധികാരികത ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ആരാണ് ഉള്ളതെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ഞായറാഴ്ച നടന്ന കർഷകരുടെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബൻബീർപുർ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകർ ഒത്തുകൂടിയത്.
ടികുനിയ- ബൻബീർപുർ റോഡിൽ പ്രതിഷേധക്കാരുടെ മുകളിലൂടെ മന്ത്രിയുടെ വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്നാണ് കർഷകർ കൊല്ലപ്പെട്ടത് എന്നാണ് ആരോപണം. നക്ഷത്ര സിംഗ്, ദൽജീത് സിംഗ്, ലവേപ്രീത് സിംഗ്, ഗുർവീന്ദർ സിംഗ് എന്നീ നാല് കർഷകരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റ് നാല് പേരും ബിജെപി പ്രവർത്തകർ ആണെന്നാണ് റിപ്പോർട്ട്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിൽ നിന്ന് വലിച്ചിറക്കി പ്രതിഷേധക്കാർ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.