കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും: സിദ്ധു
ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന അക്രമ കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കുകയും ചെയ്‌തില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു.
“നാളെയോടെ കർഷകരുടെ ക്രൂരമായ കൊലപാതകത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ, കർഷകർക്ക് വേണ്ടി പോരാടിയതിന് നിയമവിരുദ്ധമായി അറസ്‌റ്റ് ചെയ്‌ത ഞങ്ങളുടെ നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചില്ലെങ്കിൽ, പഞ്ചാബ് കോൺഗ്രസ് ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തും,”- സിദ്ദു
ട്വീറ്റ് ചെയ്‌തു.
ലഖിംപൂർ ഖേരി സന്ദർശിക്കാനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഞായറാഴ്‌ച പുലർച്ചെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസിൽ പാർപ്പിച്ച പ്രിയങ്കയുടെ അറസ്‌റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തി. ഐപിസി 151, 107, 116 വകുപ്പുകൾ പ്രകാരമാണ് പ്രിയങ്കയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
ഇന്ന് പ്രിയങ്കാ ഗാന്ധിയെ കാണാൻ എത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ യുപി പോലീസ് തടഞ്ഞിരുന്നു. ലഖ്‌നൗ വിമാനത്താവളത്തിൽ വച്ചാണ് യുപി പോലീസ് ബാഗെലിനെ തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് ബാഗെൽ ലഖ്‌നൗ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.