ഭൗതിക ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു; സമ്മാനം പങ്കുവെച്ചത് മൂന്ന് പേര്‍
ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബേൽ സമ്മാനം മൂന്ന് പേർ പങ്കിടും. പുരസ്കാരത്തിന്റെ ഒരു പകുതി കാലാവസ്ഥയെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും നിർണ്ണായക പഠനങ്ങൾ നടത്തിയ സ്യുകൂറോ മനാബെയ്ക്കും, ക്ലാസ് ഹാസ്സെൽമാനുമാണ്. മറു പകതി ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ ജിയോർജിയോ പരീസിക്കാണ്.
ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ സ്യുകൂറോ മനാബെ ഇപ്പോൾ അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ സീനിയർ മിറ്റിയോറോളജിസ്റ്റായി ജോലി ചെയ്യുകയാണ്. ജർമ്മനിയിലെ പ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഫസറാണ് ക്ലൗസ് ഹാസ്സിൽമാൻ . ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്.നിലവിലെ കാലാവസ്ഥ പഠന മോഡലുകൾക്ക് അടിസ്ഥാനമുണ്ടാക്കിയത് സ്യുകൂറോ മനാബെ 1960കളിൽ നടത്തിയ പഠനങ്ങളാണ്. കാർബൺ ഡയോക്സൈഡിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് താപനില ഉയരുന്നതിന് കാരണമാകുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞ ഗവേഷകരിൽ ഒരാളാണ് അദ്ദേഹം. മനാബെയുടെ പഠന റിപ്പോർട്ടുകൾ വന്ന് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ക്ലൗസ് ഹാസ്സൽമാൻ്റെ പഠനങ്ങൾ നടക്കുന്നത്.