Saturday, January 4, 2025
National

വിധിയെഴുത്ത് പുതുപ്പള്ളിയിൽ മാത്രമല്ല; ആറിടങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പുതുപ്പള്ളിയോടൊപ്പം ഇന്ന് ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

യു.പിയിലെ ഘോസിയിൽ എസ്.പി സ്ഥാനാർഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 22,000ലേറെ വോട്ടിന് ബി.ജെ.പിയെയാണ് തോൽപ്പിച്ചത്. ചൗഹാൻ എസ്.പിയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

പശ്ചിമബംഗാളിലെ ദുപ്ഗുരിയിൽ 2021ൽ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പശ്ചിമബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും സിപിഐഎം-കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ഉത്തർപ്രദേശിലെ ഘോസിയിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിക്കുണ്ട്.

അതേസമയം പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിയും ബിജെപിയും തമ്മിലെ ആദ്യ പോരാട്ടമാണ് ഇന്ന് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് കരുത്ത് തെളിയിക്കാൻ കൂടിയുള്ള അവസരമാണ് വന്നിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് എല്ലായിടത്തും ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *