തൊഴിലില്ലായ്മ രൂക്ഷം; സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്ന് കേന്ദ്രത്തോട് കോണ്‍ഗ്രസ്
ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും സ്വകാര്യവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് കോൺഗ്രസ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാൻ കഴിഞ്ഞ ആറ് വർഷമായി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് കഴിഞ്ഞിട്ടില്ല. പൊള്ളയായ വാഗ്ദാനമായിരുന്നു അവരുടേതെന്ന് വ്യക്തമായി.
രാജ്യത്ത് 3.6 കോടി തൊഴിൽരഹിതരാണ് ഉള്ളത്. ഈ സാഹചര്യത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകേണ്ടതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
12 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം അപ്രത്യക്ഷമായിക്കഴിഞ്ഞുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന വാഗ്ദാനവും അപ്രത്യക്ഷമായിക്കഴിഞ്ഞു. സാധാരണക്കാരന്റെ വരുമാനവും രാജ്യത്തിന്റെ പുരോഗതിയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവായ റെയിൽവെ പുതുതായി ആരെയും നിയമിക്കുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് നിരവധി ഒഴിവുകൾ വിജ്ഞാപനം ചെയ്തുവെങ്കിലും ഒരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് ഭല്ല വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
40 കോടി ഇന്ത്യക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് (ബിപിഎൽ) തള്ളപ്പെട്ടുവെന്നാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഈ സാഹചര്യത്തിൽ രാജ്യത്തെ സർക്കാർ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും യുവാക്കൾക്ക് തൊഴിൽ നൽകണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ആവശ്യപ്പെട്ടു.