തെരഞ്ഞെടുപ്പ് ചൂടില്‍ കര്‍ണാടക; വിവിധ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നാളെ സംസ്ഥാനത്തെത്തും
നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കര്‍ണാടകയിലെത്തും. ഗ്രീന്‍ മൊബിലിറ്റി റാലി ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെങ്കിലും ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് മോദിയുടെ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.
ഏപ്രില്‍, മെയ് മാസങ്ങൡലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് പാര്‍ട്ടി സ്വന്തം നിലയില്‍ അധികാരത്തിലെത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പ്രതികരിച്ചു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു യെദ്യൂരപ്പയുടെ വാക്കുകള്‍.
പാര്‍ട്ടിയില്‍ ആശയക്കുഴപ്പമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും യെദ്യുരപ്പ് പറഞ്ഞു. സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ നേടുന്നതിന് വീടുതോറും പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും നിര്‍ദേശമുണ്ട്. ഏപ്രില്‍ 12ന് മുന്‍പ് തെരഞ്ഞെടുപ്പുണ്ടാകുമെന്ന് കരുതുന്നതായും യെദ്യൂരപ്പ വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എന്നിവര്‍ക്കാണ് കോ-ഇന്‍ ചാര്‍ജ് ചുമതല.
ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി മോദി കര്‍ണാടകയിലെത്തുന്നത്. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഭയം വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും എസ്‌സി, എസ്ടി വിഭാഗങ്ങളുടെയും പിന്തുണ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വരുന്ന സംസ്ഥാന ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.