Sunday, January 5, 2025
National

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ (67) അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് വിനോദ് ദുവ ദീർഘനാളായി ശാരീരിക വിഷമതകൾ അനുഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത മകൾ മല്ലിക ദുവ സോഷ്യൽ മീഡിയ പോസ്റ്റിൽ സ്ഥിരീകരിച്ചു.

കഴിഞ്ഞയാഴ്ച ഡോക്ടർമാരുടെ നിർദേശപ്രകാരം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. “ഞങ്ങളുടെ ആദരണീയനും നിർഭയനും അസാധാരണനുമായ പിതാവ് വിനോദ് ദുവ അന്തരിച്ചു,” നടിയായ മല്ലിക ദുവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു, ശവസംസ്കാരം നാളെ ഉച്ചയ്ക്ക് തലസ്ഥാനത്തെ ലോധി ശ്മശാനത്തിൽ നടക്കുമെന്ന് കൂട്ടിച്ചേർത്തു.

ദൂരദർശനിലും എൻ‌ഡി‌ടി‌വിയിലും സേവനമനുഷ്ഠിച്ച ദുവ ഹിന്ദി പത്രപ്രവർത്തനത്തിലെ മുൻഗാമിയായിരുന്നു. അടുത്തിടെ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ദി വയർ, എച്ച്‌ഡബ്ല്യു ന്യൂസ് എന്നിവയ്‌ക്കായുള്ള വെബ് ഷോകളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

“ആദരണീയനും നിർഭയനും അസാധാരണനുമായ ഞങ്ങളുടെ പിതാവ് വിനോദ് ദുവ അന്തരിച്ചു. അനുകരണീയമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. ഡൽഹിയിലെ അഭയാർത്ഥി കോളനിയിൽ നിന്നും ഉയർന്നു വന്ന അദ്ദേഹം 42 വർഷത്തിലേറെക്കാലം പത്രപ്രവർത്തന മികവിന്റെ കൊടുമുടിയിലായിരുന്നു. അധികാരികളെ ഭയക്കാതെ എല്ലായ്പ്പോഴും അദ്ദേഹം സത്യം തുറന്നു പറഞ്ഞിരുന്നു. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ അമ്മയുടെ കൂടെയാണ്, സ്വർഗത്തിൽ തന്റെ പ്രിയപ്പെട്ട ഭാര്യ ചിന്നയ്‌ക്കൊപ്പം അദ്ദേഹം ചേർന്നിരിക്കുന്നു. അവർ ഇനി ഒരുമിച്ച് പാടുകയും പാചകം ചെയ്യുകയും യാത്ര ചെയ്യുകയും ചെയ്യും,” മല്ലിക ദുവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഈ വർഷമാദ്യം രണ്ടാം തരംഗത്തിനിടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് വിനോദ് ദുവയെ റേഡിയോളജിസ്റ്റും ഭാര്യയുമായ പദ്മാവതി ദുവയ്‌ക്കൊപ്പം ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പദ്മാവതി ദുവ ജൂണിൽ അന്തരിച്ചു, അന്നുമുതൽ വിനോദ് ദുവയെ രോഗങ്ങൾ അലട്ടിയിരുന്നു.

വിനോദ് ദുവയ്ക്ക് രണ്ട് പെൺമക്കളാണ്, നടി മല്ലിക ദുവയും ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ബകുൽ ദുവയും.

Leave a Reply

Your email address will not be published. Required fields are marked *