‘ചുവപ്പിനെ കാവിയാക്കാൻ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു’; മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്; പി എ മുഹമ്മദ് റിയാസ്
പുതുപ്പള്ളിയിൽ എൽഡിഎഫിന് വിജയം ഉറപ്പെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവിയാക്കാൻ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. വളരെ ബോധപൂർവമുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതാനാകില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചാൽ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിന്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
അതേസമയം പുതുപ്പള്ളി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം ആണ് നടക്കുക. നാളെയാണ് വോട്ടെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സാമഗ്രികള്‍ ഇന്ന് രാവിലെ വിതരണം ചെയ്‌തു. കോട്ടയം ബസേലിയോസ് കോളജില്‍ നിന്നാണ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. ബസേലിയോസ് കോളേജിന് ഇന്ന് മുതല്‍ വോട്ടെണ്ണല്‍ നടക്കുന്ന എട്ടാം തീയതി വരെ അവധിയായിരിക്കും. പോളിങ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി നല്‍കിയിട്ടുണ്ട്.
182 ബൂത്തുകളാണ് പുതുപ്പള്ളിയിലുള്ളത്. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റുകളും വെബ്കാസ്റ്റിങും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരുണ്ട്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
പുതുപ്പള്ളി മണ്ഡലത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യപ്രചാരണം അവസാനിച്ച ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നതിനും വിലക്കുണ്ട്.