കുരങ്ങുകള്‍ വരെ പേടിച്ചോടും, എഐ ക്യാമറകൾ മുതൽ അലാറങ്ങൾ വരെ: ജി 20 ക്കായി സുരക്ഷ ശക്തമാക്കി ഇന്ത്യ
സെപ്തംബര്‍ 9,10 തിയതികളിലായി നടക്കുന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായി കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരി. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന സമയത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും.
ലോകനേതാക്കൾ തങ്ങുന്ന ഹോട്ടലുകളിലും അവരുടെ സഞ്ചാരപാതയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡുകൾ നവീകരിച്ചും പാതയോരങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചും മോടി കൂട്ടി. സമ്മേളന പ്രതിനിധികളുടെ സഞ്ചാരപാതയ്ക്കു പുറത്തുവരെയുള്ള ചേരികൾ കെട്ടിമറയ്ക്കാനും അധികൃതർ മറന്നില്ല.
വഴിവക്കിലെ അനധികൃത കൈയേറ്റങ്ങൾ നേരത്തെ ഒഴിപ്പിച്ച ഡിഡിഎ അധികൃതർ ഫ്ളൈ ഓവറുകൾക്കു താഴെ കഴിയുന്നവരെയും അവിടെനിന്നു നീക്കി. തുഗ്ലക് ബാഗ്, മെഹറോളി പ്രദേശത്തെ അനധികൃത ചേരികൾ ഒഴിപ്പിച്ചു. ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലെ ചേരികളും നീല ഷീറ്റുകൾകൊണ്ടു മറച്ചിട്ടുണ്ട്. നോയിഡ സെക്ടർ 16ൽ കടകളും ചേരികളും ഇത്തരത്തിൽ മറച്ചു.
എഐ കാമറകൾ, സോഫ്റ്റ്വേർ അലാറങ്ങൾ, ഡ്രോണുകൾ എന്നിവയിലൂടെ ഓരോ ചലനങ്ങളും നിരീക്ഷിക്കും. ലോകനേതാക്കളും പ്രതിനിധികളും തങ്ങുന്ന ഹോട്ടലിലും വിവിധ സമ്മേളനസ്ഥലങ്ങളിലും നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോകളെയും ആർമി സ്നൈപ്പർ സംഘത്തെയും വിന്യസിക്കും.
ഡൽഹി നഗരത്തിൽ കുരങ്ങുശല്യം രൂക്ഷമാണ്. ജി 20വേദികളായ പഞ്ച നക്ഷത്രഹോട്ടൽ പരിസരങ്ങളിൽനിന്ന് കുരങ്ങുകളെ ഓടിക്കാൻ ലംഗൂറുകളുടെ (ഹനുമാൻ കുരങ്ങ്) കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ലംഗൂറുകളെ കണ്ടാൽ സാധാരണ കുരങ്ങുകൾ ഓടിയൊളിക്കാറുണ്ട്. ലംഗൂറുകളുടെ ശബ്ദം അനുകരിക്കുന്ന 40 പേരെ വിവിധ സ്ഥലങ്ങളിലായി ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ വിന്യസിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദിയുടെ മുഹമ്മദ് ബിൻ സൽമാന് എന്നീ പ്രമുഖ ലോകനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ജപ്പാൻ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുക്രൈന് യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വിമർശനം നേരിടുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക വ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെ തലവൻമാരും പങ്കെടുക്കും.