ചെന്നൈയിൽ കനത്ത മഴ; അണക്കെട്ടുകൾ തുറന്നു: സ്കൂളുകൾ അടച്ചു
ചെന്നൈ: മഴ കനത്തതോടെ ചെന്നൈയിലെയും മൂന്ന് സമീപജില്ലകളിലേയും സ്കൂളുകൾ അടച്ചു. രണ്ട് ദിവസത്തേക്കാണ് സ്കൂളുകൾക്ക് അവധി നൽകിയത്. മിക്ക സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തമിഴ്നാട്ടിലെ വടക്കൻ തീരപ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തിങ്കളാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിലും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ചെന്നൈ നഗരത്തിലെ മൂന്ന് അണക്കെട്ടുകൾ ഇന്നലെ തുറന്നു. 12 മണിക്കൂർകൊണ്ട് 20 സെന്റിമീറ്റർ മഴയാണു ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നലെ പെയ്തിറങ്ങിയത്.