പുനഃസംഘടനക്ക് ഉടക്കിട്ട് ഉമ്മൻ ചാണ്ടി ഡൽഹിയിൽ
ന്യൂഡൽഹി: ദേശീയതലത്തിൽ കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കേ, കേരളത്തിൽ നോമിനേഷൻ രീതിയിൽ പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിലെ അതൃപ്തി നേരിട്ട് അറിയിക്കാൻ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി ബുധനാഴ്ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണും.
കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മുതിർന്ന നേതാവ് എ.കെ ആൻറണി എന്നിവരെ അദ്ദേഹം ചൊവ്വാഴ്ച പരാതി അറിയിച്ചു. ഹൈകമാൻഡിെൻറയും കെ.പി.സി.സി നിർവാഹക സമിതിയുടെയും അനുമതി തേടിയ ശേഷം നടത്തുന്ന പുനഃസംഘടനാ നടപടി ക്രമങ്ങൾ മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. ബെന്നി ബഹനാനൊപ്പമാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയത്. സംസ്ഥാന നേതൃത്വത്തിെൻറ ഏകപക്ഷീയമായ പോക്കിനെതിരെ സോണിയയെ കണ്ട് പരാതി പറയാൻ അടുത്ത ദിവസം രമേശ് ചെന്നിത്തലയും ഡൽഹിയിൽ എത്തും.
തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്നതിനിടയിൽ കെ.പി.സി.സി മുതൽ ബ്ലോക്ക് തലം വരെ പുനഃസംഘടന നടത്തുന്നതിൽ എന്തു കാര്യമെന്നാണ് ഇരുവരുടെയും ചോദ്യം. അതിന് സംസ്ഥാന നേതൃത്വത്തിന് അവകാശമില്ല; അനാവശ്യവുമാണ്. തെരഞ്ഞെടുപ്പിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്നിരിക്കേ, പാർട്ടിയെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് അടക്കം സജ്ജമാക്കുന്നതിന് ഭാരവാഹികൾ ഉണ്ടാവുകയും സജീവമായി അവർ രംഗത്തിറങ്ങുകയും വേണമെന്നാണ് സതീശനൊപ്പം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറയും നിലപാട്. പാർട്ടി പ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടു നീക്കുന്നതിന് മുതിർന്ന നേതാക്കൾ ഓരോ ഘട്ടത്തിലും ഇടങ്കോലിടുകയാണ് ചെയ്യുന്നതെന്ന കുറ്റപ്പെടുത്തലുമുണ്ട്. ഇനിയും ബാക്കിയുള്ള കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്ന നടപടി അനാവശ്യമാണെന്ന പരാതി മുതിർന്ന നേതാക്കൾക്കുണ്ടെന്ന് ഉമ്മൻ ചാണ്ടിയുമായുമായി ചർച്ച നടത്തിയ താരിഖ് അൻവർ പറഞ്ഞു. എന്നാൽ, അത് വേണ്ടെന്നു വെക്കുമെന്ന സൂചനയൊന്നും താരിഖ് അൻവർ നൽകിയില്ല.