ബ്രിജ് ഭൂഷണ്‍ അയോധ്യ റാലി പിന്‍വലിച്ചത് ഖാപ് പഞ്ചായത്തിനുള്ള ജനപിന്തുണ കണ്ടതുകൊണ്ട്; ആഞ്ഞടിച്ച് രാകേഷ് ടികായത്ത്
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ വിളിച്ചുചേര്‍ത്ത ഖാപ്പ് മഹാപഞ്ചായത്ത് പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തില്‍ സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മഹാപഞ്ചായത്ത് ചേര്‍ന്നിരിക്കുന്നത്. കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടിയാണ് ചര്‍ച്ച ചെയ്യുന്നത്.
ഖാപ് പഞ്ചായത്തിനുള്ള ജനപിന്തുണ ഒന്നുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ താന്‍ നടത്താനിരുന്ന അയോധ്യ റാലി പിന്‍വലിച്ചതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് മഹാപഞ്ചായത്തില്‍ പറഞ്ഞു. കായിക താരങ്ങള്‍ രാജ്യത്തിന്റെ പെണ്‍മക്കളാണ്. കേന്ദ്രസര്‍ക്കാര്‍ കുടുംബങ്ങളെ തകര്‍ക്കുകയാണ്. കേന്ദ്രം സമരം ചെയ്യുന്ന താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. സമരം സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായിക താരങ്ങളുടെ സമരത്തിന് ഗ്രാമങ്ങള്‍ തയാറാണെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ ബ്രിജ് ഭൂഷണ്‍ പ്രഖ്യാപിച്ച ജന്‍ ചേതന്‍ മഹാറാലിയാണ് മാറ്റി വച്ചതായി ഇന്ന് അറിയിച്ചത്. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് റാലി നീട്ടി വക്കുന്നതെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. റാലി നടത്തുന്നതിന് അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു എന്നും സൂചനയുണ്ട്. തനിക്കെതിരെ നടക്കുന്നത് പ്രതിപക്ഷത്തിന്റ നുണ പ്രചരണമെന്നും ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.