സ്വവർഗ വിവാഹത്തെ എതിർത്ത് സിറോമലബാർ സഭ; കേന്ദ്രസർക്കാരിനെ നിലപാട് അറിയിച്ചു
സ്വാവർഗ വിവാഹത്തെ എതിർത്ത് സിറോമലബാർ സഭ. സഭയുടെ നിലപാട് കേന്ദ്രസർക്കാരിനെ അറിയിച്ചു. സ്വവർഗ വിവാഹത്തെ കോടതിയിൽ എതിർത്ത കേന്ദ്ര സർക്കാർ നിലപടിന് സഭ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹർജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പൊതുസമൂഹത്തിൻ്റെ പ്രതികരണങ്ങൾ ആരാഞ്ഞിരുന്നു. ഇതേ തുടർന്നാണ് സഭ നിലപാട് വ്യക്തമാക്കിയത്.
ഇതുപ്രകാരം സിറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചു. ‘ഭാരതീയ സംസ്കാരത്തിൽ വിവാഹം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണ്’ എന്നാണ് സഭയുടെ പ്രതികരണത്തിലുള്ളത്. എന്നാൽ, ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നുവെന്നും അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുകയും ചെയ്യുന്നു എന്ന് സഭ വ്യക്തമാക്കി.
നേരത്തെ, സ്വവർഗ വിവാഹത്തെ എതിർത്ത് സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല. ഭാര്യ, ഭർത്താവ് അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ വ്യക്തമാക്കിയിരുന്നു.