Tuesday, January 7, 2025
Kerala

‘ദി കേരള സ്റ്റോറി’ ട്രെയ്ലറിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

വിവാദ സിനിമ ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലറിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ഡിവൈഎഫ്ഐ. സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ട്രെയ്ലർ മതസ്പർദയുണ്ടാക്കുന്നതെന്നും മുസ്ലിം സമുദായത്തെ ഐഎസ്ഐസ് റിക്രൂട്ടിംഗ് ഏജൻ്റ് ആയി ചിതീകരിക്കുന്നെന്നും സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നൽകിയ പരാതിയിൽ പറയുന്നു.

ഈ ട്രെയ്‌ലർ വർഗ്ഗീയ ഭ്രുവീകരണവും മുസ്ലിം വിദ്വേഷവും ജനിപ്പിക്കുന്നതാണെന്നും ചിത്രം വർഗ്ഗീയ കലാപങ്ങൾക്ക് കാരണമാകുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സിനിമയിലെ കഥ കേരളത്തിന്റേത് എന്നത് വ്യാജമാണ്. ഗൂഢലക്ഷ്യത്തോടെയാണ് ഇത് പ്രചരിപ്പിക്കുന്നത്. ലോകത്തിനാകെ മാതൃകയായ മഹത്തായ കേരള മോഡലിനെ കരിവാരി തേക്കുന്നാണ് സിനിമയെന്ന് പരാതിയിൽ ആരോപിക്കുന്നു. കേരളത്തിന് പുറത്തുള്ളവരിൽ കേരളീയരോട് സ്പർദ്ദയും വെറുപ്പും ഉണ്ടാവാൻ ഇത് കാരണമാവും. ഈ വ്യാജ നിർമ്മിതിയെ ന്യായീകരിക്കാൻ ചിലർ സംഘടിതമായി മുന്നോട്ടു വരുന്നത് കേരളത്തിന്റെ മതനിരപേക്ഷ സാഹചര്യത്തെ ബാധിക്കും എന്നും വി.കെ സനോജ് നൽകിയ പരാതിയിൽ അറിയിച്ചു.

ഇതിനിടെ, കേരളാ സ്റ്റോറി പ്രദർശനത്തിനെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി രേഖപ്പെടുത്തി. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവായ സിജിൻ സ്റ്റാൻലിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇതോടെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജികളുടെ എണ്ണം മൂന്നായി. ഹർജികൾ നാളെ ഹൈക്കോടതി പരിഗണിക്കും. ചിത്രം നാളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത്.

ദ കേരള സ്റ്റോറിക്കെതിരായ ഹർജികളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഹർജിക്കാർ ഹൈകോടതിയെ സമീപിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർ സമീപിച്ചാൽ ഉടൻ കേസ് കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈകോടതിയോട് നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *