Thursday, October 17, 2024
National

നിതീഷ് സര്‍ക്കാറിന് തിരിച്ചടി; ബിഹാറില്‍ ജാതി സര്‍വ്വേയ്ക്ക് ഹൈക്കോടതി സ്‌റ്റേ

ബീഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പിന് പാട്‌ന ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഇതുവരെ ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കരുതെന്നും ഹൈക്കോടതി. വിഷയത്തിൽ അടുത്ത വാദം ജൂലൈ മൂന്നിന് നടക്കും. അതുവരെ സ്റ്റേ തുടരുമെന്നും കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രിംകോടതിയുടെ നിർദേശപ്രകാരമുള്ള ഹർജികളാണ് കോടതി പ്രത്യേകമായി പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ അഭിനവ് ശ്രീവാസ്തവ, ദിനു കുമാർ എന്നിവരും ബീഹാർ സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ പികെ ഷാഹിയും ഹാജരായി.

സെൻസസ് നടത്താനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും സർവേയുടെ മറവിൽ സംസ്ഥാനത്തിന് ജാതി സെൻസസ് നടത്താൻ കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു. ജാതി സെൻസസിന്റെ ആദ്യഘട്ടം ജനുവരിയിലാണ് ആരംഭിച്ചത്. രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ബിഹാറിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും സാമൂഹികാവസ്ഥയും മനസിലാക്കാന്‍ വേണ്ടിയാണ് ജാതി സര്‍വ്വേ നടത്തുന്നത് എന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദം.

Leave a Reply

Your email address will not be published.